സംസ്ഥാനത്തെ പട്ടികവർഗവിഭാഗങ്ങൾക്കിടയിലെ ശിശുമരണനിരക്കിനെ സോമാലിയയിലെ ശിശുമരണനിരക്കുമായി താരതമ്യപ്പെടുത്തി നരേന്ദ്ര മോദി നടത്തിയ വിവാദപരാമർശത്തിന് ആസ്പദമായ 2015 നവംബറിൽ മാതൃഭൂമിയിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോയും വാർത്തയും കെട്ടിച്ചമച്ചതെന്ന് ആരോപണം. കണ്ണൂരിലെ പേരാവൂരിൽ മാലിന്യക്കൂനയിൽ നിന്ന് മൂന്ന് ആദിവാസിക്കുട്ടികൾ ഭക്ഷിക്കുന്നതായാണ് ഫോട്ടോയിലുണ്ടായിരുന്നത്. അന്ന് ഏറെ ജനശ്രദ്ധയാകർഷിച്ചതായിരുന്നു ഈ ചിത്രവും വാർത്തയും.
വാർത്തയേയും ഫോട്ടോയേയും ആസ്പദമാക്കി മോദി നടത്തിയ പ്രസ്താവന ഉമ്മൻ ചാണ്ടിയെ പ്രതിരോധത്തിലാക്കി. ഈ വാർത്ത കെട്ടിച്ചമച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അവകാശപ്പെട്ടത്. എന്നാൽ ഈ വാർത്ത ചൂണ്ടിക്കാണിച്ച് ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരൻ മോദിയുടെ പ്രസ്താവനയെ ന്യായീകരിക്കുകയും ചെയ്തിരുന്നു.
'മാലിന്യം തള്ളുന്നിടത്തുനിന്ന് അഴുകിയ ഭക്ഷണം കഴിച്ച ആദിവാസിക്കുട്ടികൾക്ക് പിന്നിലെ യഥാർത്ഥ കഥ' എന്ന പേരിൽ മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വിഡിയോവിൽ കുട്ടികളിലൊരാളും അവന്റെ അമ്മയും തങ്ങളെ അങ്ങനെ നിർത്തി ഫോട്ടോയെടുപ്പിച്ചതാണെന്ന് വ്യക്തമാക്കുന്നു.
'അവർ ആദ്യം ഞങ്ങളോട് കുറച്ച് പ്ലാസ്റ്റിക് ചവറ് പെറുക്കാനും അത് ഒരു ചാക്കിൽ നിറയ്ക്കാനും ആവശ്യപ്പെട്ടു. ഞങ്ങളങ്ങനെ ചെയ്തു. പിന്നീട് ചില മുതിർന്ന പെൺകുട്ടികൾ കുറച്ച് കച്ചറ പെറുക്കാൻ പറഞ്ഞു. അതും ഞങ്ങൾ ചെയ്തു. പിന്നെ അവർ കുറച്ച് വാഴപ്പഴം കൊണ്ടുവന്ന് ഞങ്ങളോട് തിന്നാൻ ആവശ്യപ്പെടുകയും കുറച്ചുഫോട്ടോകളെടുക്കണമെന്ന് പറയുകയും ചെയ്തു. അവർ ഫോട്ടോയെടുക്കുകയും ചെയ്തു..'
'ഞങ്ങളൊരിക്കലും ഞങ്ങളുടെ കുട്ടികളെ മാലിന്യം തിന്നാൻ സമ്മതിക്കാറില്ല..' അമ്മയായ ശാരദ ഇങ്ങനെ പറയുന്നതായും വിഡിയോവിൽ കാണാം.
തങ്ങൾക്ക് റേഷൻ കാർഡുണ്ടെന്നും അതുകൊണ്ടുതന്നെ വീട്ടിൽ ഭക്ഷണത്തിന് മുട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
'എന്തിനാണ് പത്രങ്ങൾ അങ്ങനെയൊരു വാർത്ത കൊടുത്തത്?' ശാരദ ചോദിക്കുന്നു.
എന്നാൽ മാതൃഭൂമി ലേഖകൻ നാസർ വലിയേടത്ത് വാർത്തയും ചിത്രവും കെട്ടിച്ചമച്ചതെന്ന ആരോപണത്തെ ഖണ്ഡിച്ചു. കോൺഗ്രസ് നേതാക്കൾ അമ്മയേയും മകനേയും ബലംപ്രയോഗിച്ച് ചിത്രീകരണത്തിന് നിർബന്ധിപ്പിച്ചതാണെന്ന് അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞവർഷം നവംബറിൽ ഈ വാർത്ത പ്രത്യക്ഷപ്പെട്ടപ്പോൾ കണ്ണൂർ ജില്ലാകളക്ടർ ഇത് കെട്ടുകഥയാണെന്ന് കാണിച്ച് റിപ്പോർട്ട് ന്ൽകിയിരുന്നു.